2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച

വാരിയെല്ല്...

നിദ്രകളില്‍ നിറങ്ങള്‍ ചാര്‍ത്തി നീ നിറഞ്ഞു നിന്നതെത്ര രാത്രികള്‍
നിശയുടെ നിശബ്ദതകളില്‍ എന്‍ ഹൃദയ വാതായനം തുറന്നെത്തി
നീ തൂകിയൊരാ മന്ദഹാസം തേടി ഞാനിന്നലയുമ്പോള്‍,  പറയൂ...
നീയെന്‍ വാരിയെല്ലിന്‍ പുനര്ജ്ജനിയോ, വെറുമൊരു പാഴ്ജന്മമായെന്‍
ഉള് കണ്ണിനാല്‍ മാത്രം ദര്‍ശിക്കും പരിവേഷമോ...
അപൂര്‍ണമായൊരെന്‍  അസ്ഥി ക്രമത്തില്‍ നിന്‍ ഭാഗ ഖണ്ഡം
ചേര്ത്തു വെക്കാന്‍ നേരമായെന്നെന്‍ സൃഷ്ടസ്രേഷ്ടര്‍ മൊഴിയും
വാക്കിന്‍ ഉത്തരം തേടി ഞാന്‍ അലഞ്ഞതെത്ര  വഴികള്‍
മുന്നില്‍ വന്നു നിന്നൊരാ സുന്ദര സുസ്മിത വദനങ്ങളത്രയും
നീയല്ലന്നൊരൊറ്റക്കാഴ്ച്ചയിലെന്‍ ഹൃദയതാളം മോഴിയവേ..,
നീട്ടി വെച്ചൊരാ പാനത്തിന്‍ പുറംനീര്‍ മാത്രം കുടിച്ചിറക്കി
മധുരം തിരികെ നല്‍കി തിരിച്ചു നടക്കുമ്പോള്‍
എന്‍ ചെവിയില്‍ ചിലമ്പും നിന്‍ ചിരികള്‍ക്കെന്താണര്‍ത്ഥം
ദിനങ്ങളായ്,യുഗങ്ങളായ്‌ തിരിയുന്നൊരീ കാലചക്രത്തിന്‍
ഘടികാര വൃത്തത്തിലൊരു സമയമാണ് നീ തിരയുന്നതെങ്കില്‍
ആയുസിന്നളവു കോലായ് ചലിക്കുമാ സമയസൂചി തന്‍
ഏകാന്ത വീഥിയില്‍ ഞാന്‍ നിനക്കായ്‌ കാത്തു നിന്നിടാം
രാവുകളിലെന്‍ മനോരഥമേറിവരും വെറും ദൂരതാരമാണു നീയെങ്കില്‍
മായുക,മറയുക എന്‍ നിദ്രകളില്‍,നിറങ്ങളില്‍, നിലാവുകളില്‍ നിന്നും
 സ്വൊച്ച്ചമായ്, സ്പഷ്ടമായ് ഇനി ഞാനൊന്നുറങ്ങട്ടെ